സമാവായം എന്താകുമെന്ന് ചോദ്യം !

യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം. കൂടെനിൽക്കുന്നവര്‍ക്ക് മാന്യമായ അക്കോമഡേഷൻ. കൂടുതൽ ഇടതുവിമതൻമാരെ സൃഷ്ടിക്കാനും സാധിക്കുമെങ്കിൽ...
കോഴിക്കോട് : ഇടഞ്ഞുനിൽക്കുന്ന പി.വി. അൻവറിനെ മെരുക്കാൻ വലതൻമാരുടെ രഹസ്യയോഗം. പിണറായിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് എം.എൽ.എ. സ്ഥാനം വെടിഞ്ഞ പി.വി. അൻവര്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലേൽ പണി പാളും. എങ്കിലും നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ താറടിച്ചുകാണിക്കാൻ അൻവറിനോളം ബെസ്റ്റ് മരുന്ന് വേറില്ല. യു.ഡി.എഫ്. നേതാക്കൻമാരുടെ വിശിഷ്യാ കോൺഗ്രസുകാരുടെ പൊതുവികാരം അതാണ്. പക്ഷേ, അൻവറിനെ ആര് മെരുക്കും എന്നതാണ് ചോദ്യം. അൻവര്‍ രാജിവെച്ച ഒഴിവിൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടാകും.
യു.ഡി.എഫ്. പാനലിൽ ആര്യാടൻ ഷൗക്കത്തിനെ പരിഗണിച്ചാൽ താൻ കാലുവാരുമെന്നും വി.എസ്. ജോയിയെ മത്സരിപ്പിച്ചാൽ താൻ പിന്തുണയ്ക്കുമെന്നും അൻവര്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അൻവറിനെ മെരുക്കാനുള്ള തന്ത്രങ്ങൾ യു.ഡി.എഫ്. പാളയത്തിൽ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് എത്തിയ പ്രമുഖകോൺഗ്രസ് നേതാക്കൻമാരിൽ ചിലര്‍ അൻവറിനെ പാട്ടിലാക്കി കാര്യങ്ങൾ അനുകൂലമാക്കാൻ ശ്രമം നടത്തിയതായാണ് വിവരം. ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് യു.ഡി.എഫിന്റെ ഭാഗമാകൂ എന്നതാണ് യു.ഡി.എഫ്. പ്രമുഖൻ അൻവറിന് മുന്നിൽ വെച്ചിരിക്കുന്ന ഫോര്‍മുല. ഇതിനോട് അൻവര്‍ ലേശം സമരസപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്.
2026ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം. കൂടെനിൽക്കുന്നവര്‍ക്ക് മാന്യമായ അക്കോമഡേഷൻ. കൂടുതൽ ഇടതുവിമതൻമാരെ സൃഷ്ടിക്കാനും സാധിക്കുമെങ്കിൽ മറുകണ്ടം ചാടിക്കാനുമുള്ള ഫണ്ട് ഉറപ്പ്. കേന്ദ്രത്തിലും വിദേശത്തും അവശ്യം വേണ്ട സഹായമെല്ലാം വിരൽത്തുമ്പിൽ. പിണറായി സര്‍ക്കാര്‍ ചുമത്തിയ കേസുകൾ ഓരോന്നും അടഞ്ഞഅദ്ധ്യായമാകും - ഇതൊക്കെയാണ് അൻവറിന് മുന്നിൽ നിരത്തപ്പെട്ട വാഗ്ദാനങ്ങൾ. ഇതിൽ മന്ത്രിസ്ഥാനം അൻവറിന് ഒ.കെയാണ്. അദ്ദേഹം അത് അതിയായി ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ നിലമ്പൂരിൽ ടിയാനെ അലട്ടുന്ന മറ്റുചില പ്രശ്നങ്ങളുണ്ട്. പലതും റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട നീക്കുപോക്കുകൾ മലപ്പുറം കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. മുസ്ലീം ലീഗിലെ ഒരു പ്രമുഖൻ ഇതിനായി ചില ചരടുവലികൾ നടത്തുന്നുണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരം.
Photo Courtesy - Google











